കേരളത്തിൽ ഇതിനോടകം 12 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരള ജനത മുഴുവൻ ആശങ്കയിൽ ആയിരിക്കുന്ന ഈ അവസ്ഥയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമ തീയറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. മാർച്ച് 31 വരെ ഇവയൊക്കെ തുറക്കാതിരിക്കാനാണ് നിർദേശം. ഇതോടെ ഈ മാസം റിലീസ് ചെയ്യേണ്ട നിരവധി ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് ആണ് മാറ്റി വയ്ക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ മോഹൻലാൽ ചിത്രമായ മരയ്ക്കാർ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് മാറ്റിയതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം തുടരണമോ വേണ്ടയോ എന്ന തീരുമാനം പൂർണമായും സംവിധായകനും നിർമാതാവിനും വിട്ടുകൊടുത്തിരിക്കുന്നു എന്നും ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പല ചിത്രങ്ങളുടെയും ഷൂട്ടിങ് നിർത്തി വെക്കുകയാണ്.
എന്തെങ്കിലും കാരണവശാൽ ഷൂട്ടിംഗ് തുടരണമെങ്കിൽ വേണ്ട മുൻകരുതലുകൾ എടുക്കണം എന്നാണ് നിർദേശം. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കാരണത്താൽ നിർത്തി വെക്കുകയുണ്ടായി. മാർച്ച് മാസം കഴിഞ്ഞായിരിക്കും ഇനി ഇനി ചിത്രീകരണം ആരംഭിക്കുക. ഈദ് റിലീസായി പ്ലാൻ ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിൻ ചാക്കോ ആണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം വേഷമിടുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലർ ആയിട്ടാണ് ഒരുങ്ങുന്നത്. മാർച്ച് 12 ന് റിലീസ് ചെയ്യാനിരുന്ന ടോവിനോ തോമസ് നായകനായെത്തുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് നേരത്തെ മാറ്റിയിരുന്നു. ഇപ്പോൾ ചേർന്ന യോഗത്തിൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹവുത്തിന്റെയും ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന വാങ്കിന്റെയും റിലീസിങ് തീയതികളാണ് മാറ്റിയത്. ഇൗ സാഹചര്യത്തിൽ വിഷു റിലീസ് ആയ മമ്മൂട്ടി ചിത്രം വണ്‍, വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസ് എന്നിവയുടെ തിയതിയും നീളാന്‍ സാദ്ധ്യതയുണ്ട്.