ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞെൽദോയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പേരിലാണ് പ്രശ്നമെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ ടീസറിന്റെ ഉള്ളടക്കം. ‘ഗുരുവായൂർ കേശവൻ, മംഗലശ്ശേരി നീലകണ്ഠൻ എന്നൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന ഒരൊരു ഒരു എടുപ്പുണ്ടല്ലോ അങ്ങനത്തെഒരു പേരു വേണം’ എന്ന ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ ഡയലോഗാണ് ടീസറിന്റെ ഹൈലൈറ്റ്.
മാജിക് ഫ്രയിംസിന്റെ യുട്യൂബ് ചാനലിലാണ് ടീസർ റിലീസ് ചെയ്തത്. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസൻ ആണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ‘കൽക്കി’ക്കു ശേഷം പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഗോപിക ഉദയൻ ആണ് നായിക.
പല തവണ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സുധീഷ്, സിദ്ദിഖ്, അർജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.