യു ട്യൂബിൽ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ആരാധകലക്ഷങ്ങളുടെ മനസ് തൊട്ട് ആർആർആർ ചിത്രത്തിലെ ഗാനം ‘ജനനി’. ‘സോൾ ആന്തം’ എന്ന പേരിലാണ് ആർ ആർ ആറിലെ ‘ജനനി, ഭാരതജനനി’ കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്ത്. തെലുങ്കിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറു മില്യണിന് അടുത്ത് ആളുകളാണ് ഈ ഗാനം യുട്യൂബിൽ കണ്ടത്. ഗാനം യുട്യൂബിൽ ട്രെൻഡിംഗ് ആണ്. ഹിന്ദിയിൽ വരൺ ഗ്രോവറിന്റെ വരികൾക്ക് എം എം കരീം ആണ് സംഗീതം നൽകിയിരിക്കുന്നത്. എം എം കരീമും കോറസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കിൽ എം എം കീരവാണി തന്നെയാണ് വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. മലയാളത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് മരഗധമണി ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.
ജൂനിയർ എൻ ടി ആർ, റാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവർ അണിനിരക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വളരെ വൈകാരികമായ രംഗങ്ങളാണ് ഈ വീഡിയോഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, ആലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ,
ജൂനിയര്‍ എന്‍ ടി ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍ ടി ആര് കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ചിത്രത്തിൽ നായിക. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്.ആര്.ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ഒരു സാങ്കല്‍പ്പിക കഥയാണ് ആര്.ആര്.ആര് പറയുന്നത്. 450 കോടിയിലധികമാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.