ഈ വിഷുവിന് നിറങ്ങളുടെ ചാരുതയേകാൻ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത ശനിയാഴ്ച തിയറ്ററുകളിൽ എത്തുന്നു. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ജയറാം ഏറെ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രം എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഏറെ പ്രതീക്ഷകളാണ് പഞ്ചവർണതത്ത പ്രേക്ഷകർക്ക് നൽകുന്നത്. സപ്ത തരംഗ് സിനിമയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഏഴ്പേരുടെ കൂട്ടായ്മയിലുള്ള ഈ സംരംഭത്തിൽ നാലുപേർ തിയറ്റർ ഉടമകളാണ്. തിയറ്റർ ഉടമകളായ കെ നന്ദകുമാർ, രാംദാസ് ചേലൂർ, ഒ.പി ഉണ്ണികൃഷ്ണൻ, സന്തോഷ് ജേക്കബ് എന്നിവരാണ് ഇതിന് പിന്നിൽ. മധു ചിറക്കൽ, ജയഗോപാൽ പി.എസ്, ബെന്നി ജോർജ് എന്നിവരാണ് കൂട്ടായ്മയിലെ മറ്റു മൂന്നുപേർ. രാഷ്ട്രീയക്കാരനായി എത്തുന്ന കുഞ്ചാക്കോ ബോബനൊപ്പം മുടിയും മീശയുമില്ലാത്ത വേറിട്ടൊരു വേഷമാണ് ജയറാമിന്റേത്. പേരോ ജാതിയോ മറ്റടയാളങ്ങളോ ഇല്ലാത്ത ഈ കഥാപാത്രം ജയറാമിന്റെ തന്നെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക.ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങിയ നീണ്ട താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നു. മണിയൻപിള്ള രാജു നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടി, ഹരി പി നായർ എന്നിവർ ചേർന്നാണ്.