ദുബായ്: കുപ്രസിദ്ധനായ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമായ ‘കുറുപ്’ ന്റെ ട്രയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. നിരവധി ആരാധകരാണ് ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ ബുർജ് ഖലീഫയ്ക്ക് മുന്നിൽ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ് ബുർജ് ഖലീഫയിൽ നടക്കുന്നത്. ദുൽഖർ സൽമാനൊപ്പം ഭാര്യയും കുഞ്ഞും ട്രയിലർ പ്രദർശനം കാണാൻ എത്തിയിരുന്നു. കൂടാതെ, ചിത്രത്തിലെ സഹതാരങ്ങളും അണിയറ പ്രവർത്തകരും എത്തിയിരുന്നു. ട്രയിലർ കാണാൻ എത്തിയ ആരാധകർക്കൊപ്പം സെൽഫിയും എടുത്താണ് താരം മടങ്ങിയത്.
ദുൽഖർ സൽമാൻ ചിത്രമായ കുറുപ് ഈ മാസം 12ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക. ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ ആയിരിക്കും കുറുപ് റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ കുറുപ് റിലീസ് ചെയ്യുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ് സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും കുറുപ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ റെക്കോർഡ് തുകയുടെ ഓഫർ ചിത്രത്തിന് ലഭിച്ചെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. ‘പകലിരവുകൾ’ എന്ന കുറുപ് സിനിമയിലെ ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുൽഖർ ആലപിച്ച റോസാമ്മപ്പെണ്ണേ എന്ന ഗാനം കഴിഞ്ഞദിവസം ആയിരുന്നു പുറത്തിറങ്ങിയത്. ബിഗ് സ്ക്രീനിൽ ഒരു ദൃശ്യവിരുന്ന് ആയിരിക്കും ചിത്രമെന്നാണ് ട്രെയ്ലർ ഉറപ്പ് നൽകുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് എത്തുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്തെറ്റിക് കുഞ്ഞമ്മ.
View this post on Instagram