കോവിഡ് പ്രതിസന്ധിയിൽ സിനിമ വ്യവസായം നിലച്ചത് പോലെ തന്നെ തീയറ്ററുകളും അടച്ചുപ്പൂട്ടപ്പെട്ടിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിരുന്നുവെങ്കിലും പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതിൽ വിമുഖത കാണിച്ചിരുന്നു. എന്നാൽ മമ്മൂക്ക ചിത്രം ദി പ്രീസ്റ്റിന്റെ വിജയത്തിലൂടെ ആ ഒരു പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. സെക്കൻഡ് ഷോ കൂടി അനുവദിച്ചതോട് കൂടി തീയറ്ററുകൾ വീണ്ടും ഹൗസ്ഫുള്ളായി. അതിന് മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദിയറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുടമകള്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്, എക്സിക്യുട്ടീവ് സെക്രട്ടറി എം.സി ബോബി എന്നിവരു നന്ദിയും സ്നേഹവും അറിയിച്ചത്. ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറിന്റെ വാക്കുകൾ…
ഒരു വര്‍ഷത്തിലധികമായി മുമ്പൊരിക്കലും നേരിടാത്ത വിധം പ്രതിസന്ധിയിലായിരുന്നു തിയറ്ററുകള്‍. തിയറ്റുകളില്‍ ഉണര്‍വും മുന്നേറ്റവുമുള്ള ഒരു സിനിമ കിട്ടിയില്ലെങ്കില്‍ തിയറ്റര്‍ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലായിരുന്നു. ആരും ഞങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് മമ്മൂട്ടി ദി പ്രീസ്റ്റ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തിലെ തിയറ്റര്‍ ഉടമകളും തൊഴിലാളികളും ജീവിതത്തില്‍ ഒരിക്കലും മമ്മൂക്കയെയും ആന്റോയെയും മറക്കില്ല. അവര്‍ തന്ന സഹായം അത്ര വലുതാണ്. അതിനുള്ള നന്ദിയും കടപ്പാടും മമ്മുക്കയെ നേരിട്ടെത്തി അറിയിക്കണമെന്ന് തോന്നി. അതിനാണ് വീട്ടിലത്തിയത്.
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് തിയറ്ററുകളെ സജീവമാക്കാന്‍ ദി പ്രീസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ അത്താണിയായിരുന്നു ഞങ്ങള്‍ക്ക് ഈ സിനിമ. പ്രേക്ഷകരെയും തിയറ്ററുകളെയും ആവേശത്തിന്റെ കൊടുമുയിലെത്തിച്ച സിനിമയുമാണ് ദി പ്രീസ്റ്റ്. എന്നും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നാണ് മമ്മൂക്ക വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. സിനിമ വിജയമായതിന്റെ ആഹ്ലാദവും മമ്മുക്ക പങ്കുവച്ചു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ദി പ്രീസ്റ്റിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. ദീപു പ്രദീപ്, ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പുരോഹിതന്റെ വേഷമാണ് പാരാസൈക്കോളജിക്കൽ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.