കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വന്നാല്‍ മാത്രമേ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കൂ. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ഈ അവസ്ഥ തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.
അതേ സമയം മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. മരയ്ക്കാറിന് പിന്നാലെ മിന്നല്‍ മുരളിയും കുഞ്ഞെല്‍ദോയും ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേ സമയം ഓണത്തിന് മുമ്പ് തിയേറ്ററുകള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക്കിന്റെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഒഫ് കേരള) ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.