പ്രശസ്ത സീരിയൽ നടി ശ്രീകല ശ്രീധരന്റെ വീട്ടിൽ കവർച്ച നടന്നു. കണ്ണൂർ ചെറുകുന്നിലുള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പട്ടാപ്പകൽ പിൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 15 പവൻ സ്വർണം കവർന്നു. ശ്രീകലയും ഭർത്താവ് വിപിനും മകനുമൊത്ത് യു കെയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. വിപിൻ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്.
കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും കുറച്ചുനാൾ മുൻപ് കേരളത്തിൽ വന്നിരുന്നു. എങ്കിലും മോഷണം നടന്ന കാര്യം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതായി മനസ്സിലാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്നന്വേഷിക്കും എന്ന് പോലീസ് പറഞ്ഞു. എല്ലാവരുടെയും മൊഴിയെടുക്കുമെന്ന് അറിയിച്ച പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പറഞ്ഞു.
ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്. പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി.
മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.