വിനോദ – വ്യവസായ – സാംസ്കാരിക – കായികമേഖലകളെയെല്ലാം ഒരേപോലെ തകിടം മറിച്ച കൊറോണ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുവാൻ ഒരുങ്ങുകയാണ് ഏവരും. ജോലി നഷ്ടപ്പെട്ട പലരുമുണ്ട് ആ കൂട്ടത്തിൽ. അതിൽ ശ്രദ്ധേയനായിരിക്കുകയാണ് ഇരിട്ടി സ്വദേശിയായ ഇന്ദ്രജിത്ത്. നിരവധി വമ്പൻ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്യുന്നതിന്റെ ഭാഗമായിരുന്ന ഇന്ദ്രജിത് ഈ ലോക്ക് ഡൗൺ സമയത്ത് പൊറോട്ടയടിയുടെ തിരക്കിലാണ്. കൽക്കി, കുറുപ്പ്, അജയന്റെ രണ്ടാം മോഷണം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, കക്ഷി അമ്മിണിപ്പിള്ള, ഒരു ഹലാൽ ലവ് സ്റ്റോറി എന്നിങ്ങനെ നിരവധി സിനിമകൾക്ക് ഇന്ദ്രജിത്ത് പോസ്റ്റർ ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ദ്രജിത്ത് ഇപ്പോൾ.