കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. നിവിൻ പോളി, ഇന്ദ്രജിത് സുകുമാരൻ, ബിജു മേനോൻ, നിമിഷ സജയൻ,അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന് ഉള്ളത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ന് നിവിൻ പോളിയുടെ മുപ്പത്തിയാറാം പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളിയുടെ മീശ പിരിച്ചുള്ള മാസ്സ് ലുക്കാണ് പോസ്റ്ററിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.
ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയും അച്ഛനും ആയി വേഷമിടുന്നത് ജോജു ജോർജും പൂർണിമ ഇന്ദ്രജിത്തും ആണെന്നും നിർമാതാവ് സുകുമാർ തെക്കേപാട്ട് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് നിമിഷ സജയനും നിവിൻപോളിയുടെ സഹോദരന്റെ വേഷം കൈകാര്യം ചെയ്യുന്നത് അർജുൻ അശോകനും ആണ്. തുറമുഖം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ഇന്ദ്രജിത് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ചിത്രമാണ് തുറമുഖം. ജീവിച്ചിരിക്കുന്ന ഒരാളെ ബേസ് ചെയ്ത് സൃഷ്ടിച്ച ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.