മലയാളത്തിന്റെ യുവ താരം നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ഈ വമ്പന്‍ ചിത്രത്തിന്റെ പ്രധാന പ്രമേയമായി വരുന്നത്. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലത്തിന്റെയും ഒരു നാടിന്റെയും കഥയാണ് തുറമുഖം നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി ഇരുപതിന് ആണ് തുറമുഖം റിലീസ് ചെയ്യുക.
View this post on Instagram
സംവിധായകന് രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപന് ചിദംബരനാണ്. ഗോപന് ചിദംബരന്റെ അച്ഛന് കെ എം ചിദംബരന് രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിവിന്‍ പോളിക്കു പുറമെ ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്ജുന് അശോകന്, മണികണ്ഠന് ആചാരി, സുദേവ് നായര്‍, നിമിഷാ സജയന്, പൂര്‍ണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന എഡിറ്റിംഗ് നിര്‍വഹിച്ചത് ബി അജിത് കുമാറും സംഗീതം പകര്‍ന്നിരിക്കുന്നത് കെ, ഷഹബാസ് അമന് എന്നിവര്‍ ചേര്‍ന്നുമാണ്.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകള്‍, അതുപോലെ ഒരു തീപ്പൊരി ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്. വിപ്ലവത്തിന്റെ വീര്യവും ചൂടും നിവിന്‍ പോളിയുടെ മാസ്സ് സീനുകളും നിറഞ്ഞ ഈ കിടിലന്‍ ടീസര്‍ റിലീസ് ചെയ്ത അന്ന് തന്നെ വമ്പന്‍ തരംഗമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ് എന്ന് പറയാം. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തു വിട്ട വീഡിയോയും ഇപ്പോള്‍ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.