സംവിധായകന്റെ വിനയന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനു വേണ്ടി ഗംഭീര മേക്കോവർ നടത്തി താരം. സിനിമയിൽ നാട്ടുപ്രമാണിയായ കുഞ്ഞുപിള്ളയുടെ വേഷമാണ് ടിനിക്ക്. അത്യാവശ്യം ആയോധനകലകൾ വശമുള്ളയാളാണ് ഈ നാട്ടുപ്രമാണി. അതുകൊണ്ടു മേക്കോവർ കൂടാതെ കഥാപാത്രമാകാൻ നല്ല തയ്യാറെടുപ്പും നടത്തേണ്ടി വന്നു താരത്തിന്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പട്ടണം റഷീദ് ആണ് ഇത്രയും മികച്ച രൂപമാറ്റം വരുത്തിയത്. കുഞ്ഞുപിള്ള എന്ന കഥാപാത്രത്തിനായി പല അടവുകളും അഭ്യാസമുറകളും പരിശീലിച്ചു. കളരി അഭ്യസിച്ചത് കൂടാതെ ഒന്നരമാസത്തെ ഫിറ്റ്നസ് പരിശീലനം കൊണ്ട് രൂപമാറ്റം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
താരത്തെ കളരി അഭ്യസിപ്പച്ചത് ഇടപള്ളി സുമുഖ കലാകേന്ദ്രത്തിലെ സൗമ്യതാ വർമ്മയുടെ നേതൃത്വത്തിൽ ബെന്നി ഗുരുക്കളാണ്. ടിനിയുടെ ശാരീരിക രൂപമാറ്റത്തിന് ആവശ്യമായ പരിശീലനം നൽകിയത് ലൈഫ് ഫിറ്റ്നസ് സെന്ററിലെ മുകുന്ദനും ട്രയിനർ അനൂപുമാണ്. ശരീരം ഇത്തരമൊരു രൂപത്തിലേക്ക് മാറ്റിയത് ഒന്നരമാസത്തെ പരിശീലനം കൊണ്ടാണെന്ന് ടിനി ടോം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് വിനയന് തന്നെയാണ്. 2022ല്‍ ആയിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ എത്തുന്നത്. തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി പത്തൊമ്പതാം നൂറ്റാണ്ട് മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. നിരവധി ചരിത്രപുരുഷൻമാരുടെ കഥ കൂടി ആയിരിക്കും ഈ ചിത്രം പറയുന്നത്.