മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവിത്രം. ചിത്രത്തിൽ സഹോദരിയെ നോക്കാനായി സ്വന്തം ജീവിതവും സന്തോഷങ്ങളും മാറ്റിവെച്ച സഹോദരനായാണ് മോഹൻലാൽ എത്തുന്നത്. സിനിമയിൽ അസാമാന്യ പ്രകടനം ആയിരുന്നു മോഹൻലാൽ നടത്തിയത്.
ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിച്ചിരുന്നു. മോഹൻലാൽ മാത്രമല്ല ക്ലൈമാക്സ് രംഗത്ത് എത്തിയ എല്ലാവരും മത്സരിച്ച് അഭിനയിച്ചിരുന്നു. പവിത്രം സിനിമയിലെ അവസാനരംഗം കണ്ട് മനശാസ്ത്രജ്ഞൻ സ്വരാജ് മണി തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് രാജീവ് കുമാർ. ക്ലൈമാക്സിലെ ഭാവങ്ങൾ മോഹൻലാലിന്റെ ഐ ക്യു ലെവൽ കൂടിയാണ് കാണിക്കുന്നതെന്ന് സ്വരരാജ് മണി പറഞ്ഞതായും രാജീവ് കുമാർ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് രാജീവ് കുമാർ പറഞ്ഞത് ഇങ്ങനെ. ‘സിനിമയിലെ അവസാനം മനയിലൂടെ ഓടുന്ന സീനുണ്ട്. അത് എടുക്കുന്നതിന് മുമ്പ് എന്നെ മോഹൻലാൽ വിളിച്ചു. ഞാൻ നോക്കിയപ്പോൾ പല്ലിറുമി കാണിച്ചു. ഇങ്ങനെയാണോ അഭിനയിക്കേണ്ടത് എന്ന് ചോദിച്ചു. ഞാൻ മതിയെന്ന് പറഞ്ഞു. അത് അങ്ങനെ എടുത്തു.’ – രാജീവ് കുമാർ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം വിളിച്ച മനശാസ്ത്രജ്ഞനായ സ്വരരാജ് മണി ഈ പല്ലിറുമുന്ന സീൻ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ നന്നായി റിസർച്ച് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, അതിൽ ഒരു റിസർച്ചുമില്ല ഇങ്ങനെയാണ് അത് നടന്നതെന്ന് താൻ പറഞ്ഞെന്നും ടി കെ രാജീവ് കുമാർ പറഞ്ഞു.