#SHERO മേരിക്കുട്ടി ലോകത്തിനായി സമ്മാനിച്ച പുതിയൊരു പേരാണത്. ഹീറോയും ഹീറോയിനുമുള്ളിടത്ത് മേരിക്കുട്ടിയെ പോലെയുള്ളവർ അറിയപ്പെടാൻ ഒരു പേര്. അവഗണനകളിലും ആട്ടിപ്പായിക്കലുകളിലും ഉള്ള് നൊന്താലും പിടിച്ചു നിൽക്കുന്ന അവരെ വിളിക്കാൻ ഉതകുന്ന പേര്. അതാണ് ഷീറോ. അത്തരത്തിൽ ഉള്ളൊരു സുഹൃത്തിനൊപ്പം ഞാൻ മേരിക്കുട്ടി കാണണമെന്നായിരുന്നു ജംനാസ് മുഹമ്മദ് എന്ന വ്യക്തിയുടെ ആഗ്രഹം. അത് സാധ്യമായ സന്തോഷത്തിലാണ് ജംനാസ് ഇപ്പോൾ. സായ് എന്ന സുഹൃത്തിനൊപ്പമാണ് ജംനാസ് ചിത്രം കണ്ടത്. അത് ഫേസ്ബുക്ക് വഴി ലോകത്തിന് മുൻപിൽ വിളിച്ചു പറയുകയും ചെയ്തു അദ്ദേഹം. ഇത് തന്നെയാണ് അവർ അർഹിക്കുന്ന അംഗീകാരം. ഉള്ളിലെ പരിഹാസം ദൂരെയെറിഞ്ഞ് മേരിക്കുട്ടിയെ പോലെയുള്ളവരെ മനസ്സറിഞ്ഞ് സ്നേഹിക്കേണ്ടവരാണ് ഓരോരുത്തരുമെന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ഞാൻ മേരിക്കുട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്.