മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ മുടങ്ങിയിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് വർക്കുകൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.
സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ടോമിച്ചൻ മുളകുപ്പാടമാണെന്ന വാർത്ത ഇപ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. പുലിമുരുകൻ, രാമലീല തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസിൽ നിന്നും മറ്റൊരു മികച്ച ചിത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ജോജു ജോസഫ്, മുകേഷ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിലേക്ക് നായിക ബോളിവുഡിൽ നിന്നുമായിരിക്കും എന്നാണ് സൂചന. സുരേഷ് ഗോപിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായ ലേലം പോലെയൊരു ചിത്രമായിരിക്കുമിതെന്നും അണിയറ പ്രവർത്തകരിൽ നിന്നും അറിയുന്നു.
വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ് ജോണി ആന്റണി, രഞ്ജിത് ശങ്കർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. വരത്തൻ, ഉണ്ട, കെട്ട്യോളാണ് എന്റെ മാലാഖ, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി മാത്യൂസ് തോമസ് പ്രവർത്തിച്ചിട്ടുണ്ട്.