കഴിഞ്ഞദിവസം ആയിരുന്നു ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മിക്കയിടത്തും തിയറ്ററുകളിൽ ടിക്കറ്റുകൾ തീർന്നുപോയതിനാൽ സ്പെഷ്യൽ ഷോകൾ നടത്തി. എന്നാൽ, ഇതിനിടയിൽ ടൊവിനോ ആരാധകരും മോഹൻലാൽ ആരാധകരും ഏറ്റുമുട്ടിയ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ‘ഇത് തല്ലുമാലയുടെ പ്രമോഷനല്ല, ശരിക്കും തല്ലാ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
എന്നാൽ, ഈ വീഡിയോ വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ. ഇത് ദിവസങ്ങൾക്ക് മുന്നേ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തല്ലാണെന്നും മോഹൻലാൽ ഫാൻസ് യൂണിറ്റിന് ഈ വീഡിയോയിൽ ഉള്ളവരെ അറിയില്ലെന്നും മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകർ വ്യക്തമാക്കി.
അതേസമയം, മികച്ച പ്രതികരണവുമായി തല്ലുമാല സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടി തന്നെ നേടുന്നുണ്ട്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മണവാളന് വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്.