കഴിഞ്ഞ വർഷത്തിന്റെ ആവർത്തനം എന്നോളം കാലവർഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്. ദുരിതപ്പെയ്ത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 48 ആയി. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി ആളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടുന്ന ഈ വേളയിൽ സഹായവുമായി താരമായ ടോവിനോ തോമസ് എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ആർക്കും ഇങ്ങോട്ടേക്ക് വരാമെന്നും അത് ദുരുപയോഗം ചെയ്യില്ല എന്ന് വിശ്വസിക്കുന്നു എന്നും ടോവിനോ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ടോവിനോ തോമസ് ഇത് കുറിച്ചത്. തന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനിൽക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല’ എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടോവിനോ കുറിച്ചത്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം ഉണ്ട്.