മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. താരം നായകനായെത്തിയ മിന്നല്‍ മുരളി കഴിഞ്ഞ 24 നാണ് നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിനൊപ്പം ടൊവിനോയുടെ മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. 2011ല്‍ ടൊവിനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇത്. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’ എന്നാണ് കുറിപ്പില്‍ പറയുന്നത്.
പലരും ആ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റുകള്‍ ഇട്ടിരുന്നു. ‘നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയില്‍ ലൈറ്റ് ബോയ് ആകുമെടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാള്‍ അന്നു പറഞ്ഞിരുന്നു.
പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്നും ടൊവിനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവര്‍ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവിനോ മറുപടിയായി എഴുതിയത്.
ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആയി കഴിഞ്ഞു. ടൊവിനോയെ അനുകരിച്ച് നിരവധി ആളുകളാണ് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതി ഇടുന്നുണ്ട്. ഈ നെഗറ്റീവ് കമെന്റ് ഒക്കെ ചെയ്തവര്‍ ഇപ്പോള്‍ എവിടെ പൊയെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പൃഥ്വിരാജ് ചിത്രം സെവന്ത് ഡേയും എന്ന് നിന്റെ മൊയ്തീനുമാണ് ടൊവിനോക്ക് സിനിമയില്‍ വഴിത്തിരിവായത്.