മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായി എത്താനൊരുങ്ങുകയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. ബേസിലിന്റെ മൂന്നാമത്തെ ചിത്രമാണിത്. സിനിമയ്ക്കു വേണ്ടി നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് നടന് ടൊവിനോ.
ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസില്‍ ആദ്യം കഥ പറയുമ്പോള്‍ത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാന്‍ പോകുന്നത് സൂപ്പര്‍ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാല്‍ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസില്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കില്‍, അതുകാരണമാണ് ഞാന്‍ സ്ക്രീനില്‍ നന്നായിരിക്കുന്നത്’-ടൊവിനോ പറയുന്നു.
റൂമിനകത്തിരിക്കുമ്പോള് തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസില്‍ അല്ല ലൊക്കേഷനില്‍ വരുന്ന സമയത്ത്. സെറ്റിലെത്തുമ്പോള്‍ അദ്ദേഹം വളരെ സീരിയസാണ്. എന്നാല്‍ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാര്‍ത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസില്‍ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്പേസും ഞാന്‍ കൊടുക്കുകയും സുഹൃത്തില്‍ നിന്നെടുക്കാവുന്ന സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിട്ടുണ്ട്.