മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. മുരളിഗോപി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വളരെയധികം കയ്യടി നേടിയ ഒരു കഥാപാത്രം ടോവിനോ തോമസ് ചെയ്തിരുന്നു. ജതിൻ രാംദാസ് എന്ന പേരുള്ള ഒരു യുവ രാഷ്ട്രീയ നേതാവായി ആണ് താരം എത്തിയത്.
ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ ഈ ചിത്രത്തിലും ടൊവിനോ ഉണ്ടാകുമോ എന്ന് ആരാധകർ സംശയം ഉയർത്തിയിരിക്കുകയാണ്. ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ലൂസിഫർ 2 ആയ എമ്പുരാനിൽ താൻ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നാണ് ടൊവിനോ പറഞ്ഞത്. മോഹൻലാൽ കഥാപാത്രമായ അബ്രഹാം ഖുറേഷിയുടെ കഥയാണ് എമ്പുരാൻ പറയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആയ പൃഥ്വിരാജ് സയിദ് മസൂദ് എന്ന കഥാപാത്രമായി എത്തും. അടുത്തവർഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടിയോളം ആണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രം 2021ൽ റിലീസ് ചെയ്യും.