മികച്ച അഭിപ്രായം നേടി ജാൻ എ മൻ തിയറ്ററുകൾ കീഴടക്കി യാത്ര തുടരുകയാണ്. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്. നേരത്തെ സംവിധായകൻ ജീത്തു ജോസഫ് ജാൻ എ മൻ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ഒരുപാട് പോസിറ്റീവ് റിവ്യൂ കണ്ടാണ് ജാൻ എ മൻ കാണാൻ പോയതെന്നും വളരെ രസകരമായ സിനിമയാണ് ഇതെന്നും മുഴുവൻ ടീമിനും അഭിനന്ദനം എന്നുമാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജീത്തു ജോസഫിന് പിന്നാലെ രഞ്ജിത്ത് ശങ്കർ, ടോവിനോ തോമസ്, അജു വർഗീസ് എന്നിവരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ജാൻ എ മൻ ഷൂട്ടിംഗ് തുടങ്ങിയ അന്നുമുതൽ ഇതിനെക്കുറിച്ച് ബേസിലിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാണെന്നും ഒടുവിൽ സിനിമ കണ്ടെന്നും വ്യക്തമാക്കിയ ടോവിനോ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തിയെന്ന് പറഞ്ഞു. മുഴുവൻ ജാൻ എ മൻ ടീമിനെയും അഭിനന്ദിച്ച ടോവിനോ നടൻമാരുടെ കഞ്ഞിയിൽ പാറ്റ ഇടരുതെന്ന് ബേസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ‘നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്’ എന്നാണ് ബേസിലിലെ ടാഗ് ചെയ്ത് ടോവിനോ കുറിച്ചത്.
‘ചിരി ചിന്ത ചിരി അടിപൊളി പടം ചിദംബരം’ എന്നാണ് അജു വർഗീസ് കുറിച്ചത്. ‘എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അത് നന്നായി കാപ്ചർ ചെയ്യുകയും മികച്ച സംഗീത പിന്തുണ നൽകുകയും ചെയ്യുമ്പോൾ, അത് ഒരു വിരുന്ന് ആണ്!’ എന്ന് സോഷ്യൽമീഡിയയിൽ കുറിച്ച അജു ചിത്രത്തിൽ അഭിനയിച്ച താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഏതു വഴി നോക്കിയാലും ജാൻ എ മൻ ഒരു വിജയമാണെന്ന് രഞ്ജിത്ത് ശങ്കർ കുറിച്ചു. ‘നന്നായി എഴുതി, മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സൂപ്പർ സ്മാർട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളിൽ മാത്രമാണ് നടക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുൾ ബോർഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങൾ’ – രഞ്ജിത്ത് ശങ്കർ കുറിച്ചു.