ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി മുഹ്സിൻ പരാരിയും, അഷറഫ് ഹംസയും ചേർന്ന് തിരക്കഥ ഒരുക്കുന്ന തല്ലുമാലയുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് രാവിലെ അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു.
ബ്ലോക്ക്ബസ്റ്റർ ചിത്രം അഞ്ചാം പാതിരാ, ചന്ദ്രേട്ടൻ എവിടെയാ, കലി, വർണ്യത്തിൽ ആശങ്ക, അള്ളു രാമേന്ദ്രൻ, ലവ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആഷിക്ക് ഉസ്മാൻ. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ച വ്യക്തിയാണ് ഖാലിദ് റഹ്മാൻ. മുഹ്സിൻ പരാരിയെയാണ് ആദ്യം ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് ഖാലിദ് റഹ്മാനിലേക്ക് എത്തുകയായിരുന്നു.
ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയാണ്. തമാശ നിറഞ്ഞ റിയലിസ്റ്റിക് ഡ്രാമ ഗണത്തിൽപ്പെട്ടതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്തുമസ് റിലീസായി എത്തുന്ന മിന്നൽ മുരളിയാണ് ടോവിനോയുടെ അടുത്ത റിലീസ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രമെത്തുന്നത്. വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം, പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ബ്രോഡാഡി എന്നിവയാണ് കല്യാണിയുടെ പുതിയ ചിത്രങ്ങൾ.