ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ പ്രശ്നം കത്തി നിൽക്കുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് നടൻ ടോവിനോ തോമസ് ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. മുണ്ട് മടക്കിക്കുത്തി ബിനീഷ് ബാസ്റ്റിൻ നടന്ന് വരുന്ന ഫോട്ടോയിൽ കേരളപ്പിറവി ആശംസകൾ എന്ന് എഴുതി ചേർത്ത ടോവിനോ ബിനീഷ് ബാസ്റ്റിനെ സ്റ്റോറിയിൽ ടാഗും ചെയ്തിട്ടുണ്ട്.
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. അവിടെ കുത്തിയിരുന്നു. ആ വീഡിയോ വൈറൽ ആയതോടെയാണ് മലയാളികൾ ബിനീഷിന് പിന്തുണയുമായെത്തിയത്.