കഴിഞ്ഞദിവസമാണ് ടോവിനോ യുവരാജ് സിംഗിന് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഡർബനിലെ യുവരാജിന്റെ സിക്സറുകൾ പോലെ ഈ കൂടിക്കാഴ്ച എന്നും ഓർമയിൽ ഉണ്ടാകുമെന്ന് കുറിച്ചാണ് ‘ഫാൻ ബോയ് മൊമന്റ്’ ടോവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുംബൈയിൽ മിന്നൽ മുരളി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ആയിരുന്നു യുവരാജ് സിംഗിന് കണ്ടത്. എന്നാൽ, ഇപ്പോൾ മറ്റൊരു സൂപ്പർ താരത്തെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഒപ്പമുള്ള ഫോട്ടോയാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമാജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ, ആരും ഒന്ന് നോക്കി പോകുന്ന ശരീരപ്രകൃതി ഉണ്ടാക്കിയെടുക്കുന്നതിൽ തന്നെ പ്രചോദിപ്പിച്ച ആളാണ് സൽമാൻ ഖാൻ എന്ന് കുറിച്ചാണ് ടോവിനോ ഫോട്ടോ പങ്കുവെച്ചത്. ‘പക്ഷേ, എന്നെ ആനന്ദിപ്പിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നിട്ടും താങ്കൾ എന്നെ നിലകൊള്ളുന്നു എന്നതാണ്. അതിനാൽ വിനയത്തിന്റെ കാര്യത്തിലും നിങ്ങൾ ഒരു പ്രചോദനമാണ്. താങ്കൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്’ – സൽമാൻ ഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ടോവിനോ കുറിച്ചു. ഡോ ഷാജിർ ഗഫർ ആണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാനൊപ്പമുള്ള ടോവിനോയുടെ പടത്തിന് താഴെ ‘ലവ്’ കമന്റുമായി ബേസിൽ എത്തി. എന്നാൽ ബേസിൽ ജോസഫിന്റെ കമന്റിന് താഴെയെത്തിയ ആരാധകർ ‘ഏട്ടനെ കൊണ്ടുപോയില്ലേ’ എന്നായി. ‘ഇല്ല, എന്നെ ചതിച്ചു’ എന്നാണ് ഇതിന് ബേസിൽ ജോസഫ് മറുപടി നൽകിയത്.
ബേസിൽ ജോസഫിന്റെ സങ്കടത്തിൽ പങ്കുചേരാനും ആരാധകർ എത്തി. ‘അങ്ങനായാൽ പറ്റുമോ, ഇനി ടോവിനോയെ വെച്ച് പടം ചെയ്യണ്ടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വല്ലാത്ത ചതി ആയി പോയി’, ‘സെഡ് ലൈഫ്’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. നേരത്തെ യുവരാജ് സിംഗിന് ഒപ്പമുള്ള ചിത്രം ടോവിനോയും ബേസിലും ഒരുമിച്ചാണ് പങ്കുവെച്ചത്. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബറിൽ റിലീസ് ആകും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
View this post on Instagram