സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്. ലയാള സിനിമയിൽ അഭിനേതാവുന്നതിനു മുൻപ് ടോവിനോ കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ടോവിനോയുടെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി.
സജീവൻ അന്തിക്കാടിന്റെ “പ്രഭുവിന്റെ മക്കൾ” ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ “എ ബി സി ഡി”യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനെത്തുടർന്ന് ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം “കൂതറ”യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ “തീവ്രം” എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ടോവിനോ രൂപേഷിന്റെ തന്റെ രണ്ടാം സിനിമയായ “യൂ റ്റൂ ബ്രൂട്ടസ്” എന്ന 2014 സിനിമയിലെ പ്രധാന കഥാപാത്രമായി വേഷമിട്ടു. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയും മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളിൽ മുൻപന്തിയിലേക്ക് ഉയരുവാനും ടോവിനോയ്ക്ക് കഴിഞ്ഞു. എന്ന് നിന്റെ മൊയ്തീൻ, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യൻ, ലൂക്ക, ലൂസിഫർ, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറൻസിക്, കള എന്നിവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്.
സ്കൂൾ കാലഘട്ടത്തിൽ നിന്ന് തന്നെ സുഹൃത്തായിരുന്ന ലിഡിയയെ 2014ൽ താരം വിവാഹം ചെയ്തു. രണ്ടു മക്കളാണ് ഇരുവർക്കുമുള്ളത്. താൻ ഏറ്റെടുക്കുന്ന കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകുവാൻ മടിക്കാത്ത ടോവിനോയുടെ വർക്ക്ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പിതാവ് അഡ്വക്കേറ്റ് ഇല്ലിക്കൽ തോമസിനൊപ്പം പങ്ക് വെച്ച വർക്ക്ഔട്ടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരം പങ്ക് വെച്ച പുതിയ വർക്ക് ഔട്ട് വീഡിയോയും വൈറലായിരിക്കുകയാണ്.
View this post on Instagram
മനു അശോകൻ സംവിധാനം നിർവഹിച്ച കാണെക്കാണെയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ടോവിനോ ചിത്രം. ഡയറക്റ്റ് ഒടിടി റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച മിന്നൽ മുരളിയാണ് പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റൊരു ടോവിനോ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. കുറുപ്പ്, വഴക്ക്, നാരദൻ, അജയന്റെ രണ്ടാം മോഷണം, വാശി, വരവ്, ഫോറൻസിക് 2, കറാച്ചി 81, തല്ലുമാല, അന്വേഷിപ്പിൻ കണ്ടെത്തും, 2403 ഫീറ്റ് എന്നിവയാണ് ടോവിനോയുടെ പുതിയ ചിത്രങ്ങൾ.