അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ട്രാൻസ്. ചിത്രം വൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും നേടിയെടുത്തത്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടുന്ന ഒരു ചിത്രമായിരുന്നു ഇത്.
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്. രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
ചിത്രം ടൊറന്റോ ഇന്ത്യൻ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് ചിത്രം ‘ജഴ്സി’, തമിഴ് ചിത്രം ‘കൈതി’, ഹിന്ദി ചിത്രം ‘സൂപ്പർ 30’ എന്നിവയാണ് ഇന്ത്യയിൽ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ. ഓഗസ്റ്റ് 9 മുതൽ 15 വരെയാണ് ചലച്ചിത്രമേള. റിലീസിന് മുൻപ് തന്നെ ഏറെ വാർത്താപ്രാധാന്യം നേടിയ ഒരു ചിത്രമാണ് ട്രാൻസ്. ഫഹദും നസ്രിയയും വിവാഹിതരായത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്