നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.
പെണ്ണായി മാറാനുള്ള അതിയായ ആഗ്രഹം മൂലം നഷ്ടമാക്കേണ്ടി വന്ന സ്വന്തം നാട്ടിലേക്കാണ് ഹരിണി മരുമകളായി എത്തുന്നത്. സുനു എന്ന് വിളിക്കുന്ന സുനീഷുമായി ഹരിണി അടുപ്പത്തിലാകുന്നത് തൻ്റെ പതിനാറാം വയസ്സിലാണ്. പതിനാറാം വയസ്സിലാണ് ഹരിണി ട്രാൻസ്ജെൻഡറായി മാറിയത്. പിന്നാലെ സർജറി, ഇതോടെ നാടുവിടേണ്ടി വന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ വന്ന പഴയ സഹപാഠിയുടെ റിക്വസ്റ്റാണ് ജീവിതം മാറ്റി മറിച്ചതെന്ന് ഹരിണി തന്നെ വെളിപ്പെടുത്തിയിരുന്നു.
ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹച്ചടങ്ങിൽ നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ് ഹരിണിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിക്കൊടുക്കുന്നത്.