ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്. ഷമ്മിയേയും സിമി മോളേയും കടമെടുത്തുകൊണ്ട് തന്റെ പുതിയ ചിത്രമായ ‘സാജൻ ബേക്കറി സിൻസ് 1962’-ലെ രംഗങ്ങളുമായി കൂട്ടിയിണക്കിയിരിക്കുകയാണ് ട്രോളന്മാര്.
ട്രോൾ ഗ്രൂപ്പുകളിൽ ഇത് തരംഗം ആയപ്പോൾ അത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയാണ് അജുവർഗീസ്. ‘വട്ടൻ ഷമ്മിയോടൊപ്പം ജീവിക്കുന്നതിലും എനിക്കിഷ്ടം സാജൻ ചേട്ടനൊപ്പം ജീവിക്കാനാ..’എന്ന് സിമി മോള് പറയുന്നതായാണ് ട്രോള് ചിത്രത്തിലുള്ളത്. ‘സാജൻ ബേക്കറി സിൻസ് 1962’-ൽ അജു അവതരിപ്പിക്കുന്ന സാജൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരിയായാണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ സിമി മോളെ അവതരിപ്പിച്ച ഗ്രേസ് ആന്റണി എത്തുന്നത്. ഇതിനൊരു റിപ്ലെ പോസ്റ്റും അജു തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുവരിൽ പടം ആയിരിക്കുന്ന അജു വർഗീസിന്റെ ചിത്രവും ട്രോളിൽ കാണുവാൻ സാധിക്കും.
കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ്. എം സ്റ്റാര് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്