അച്ഛനും മകനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ ആൻഡ് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സുനാമി. കൊറോണ ആരംഭിച്ചപ്പോൾ നിശ്ചലമായി നിന്ന മേഖലയാണ് സിനിമ മേഖല. കൊറോണ ഭീതിയിൽ നിന്നും ലോകം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യമായി നിർത്തിവെച്ച ചിത്രം സുനാമി ആയിരുന്നു. പിന്നീട് സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ആദ്യമായി ചിത്രീകരണമാരംഭിച്ച ചിത്രവും സുനാമി തന്നെയായിരുന്നു. 14 ദിവസത്തെ ചിത്രീകരണം മാത്രം അവശേഷിച്ചിരുന്നപ്പോഴായിരുന്നു കൊറോണ എത്തിയത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 11 മണിക്ക് പുറത്ത് വിടുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഗാനം പുറത്ത് വിടുന്നത്.
ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്. ബാലു വർഗീസ് നായകനാകുന്ന ചിത്രത്തിൽ അദ്ദേഹത്തെ കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.