വർഷങ്ങൾക്ക് മുമ്പ് മൈഡിയർ മുത്തച്ചൻ സിനിമകൾ കണ്ടവരാരും മീരയെ മറക്കില്ല. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ മീരയായി മധുരിമ നർല സിനിമയിലെത്തി. തിലകൻ, ജയറാം, മുരളി. ഇന്നസെന്റ്, കെ പി എ സി ലളിത, ഉർവശി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരന്ന സിനിമ ആയിരുന്നു അത്. അതിൽ മീരയായി വേഷമിട്ട മധുരിമ നർലയെ പിന്നെ ഒരു സിനിമയിലും കണ്ടില്ല. ചെമ്പരത്തി ശോഭന എന്ന പഴയകാല നടിയാണ് മധുരിമയെ സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തിയത്. ശോഭനയുടെ മകൻ തരുൺ സാഗർ സിനിമയിലെ മനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മൈഡിയർ മുത്തച്ചനിലെ അഭിനയത്തിന് ശേഷം ശുദ്ദമദ്ദളം, പക്ഷേ തുടങ്ങിയ സിനിമകളിൽ മധുരിമ അഭിനയിച്ചു. പക്ഷേ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുകയായിരുന്നു. തുടർന്ന് അഭിനയത്തോട് വിട പറഞ്ഞെങ്കിലും നൃത്തരംഗത്ത് സജീവമായി താരം. വിദേശത്തും ഇന്ത്യയിലുമായി നിരവധി വിദ്യാർത്ഥികളാണ് മധുരിമയ്ക്ക് കീഴിൽ നൃത്തവും യോഗയും അഭ്യസിക്കുന്നത്. ആദ്യ സിനിമയിലെ നായികയായി അഭിനയിച്ച് 28 വർഷത്തിനു ശേഷം വീണ്ടും സിനിമാരംഗത്തേക്ക് എത്തുകയാണ് താരം. കന്നഡയിലും തെലുങ്കിലുമാണ് സിനിമകൾ ഒരുങ്ങുന്നത്.
ആദ്യസിനിമയിലേക്ക് മധുരിമ എത്തിയത് സ്ക്രീൻ ടെസ്റ്റോ അഭിമുഖമോ ഒന്നും ഇല്ലാതെയായിരുന്നു. ചെമ്പരത്തി ശോഭന സത്യൻ അന്തിക്കാടിനോട് പറഞ്ഞത് അനുസരിച്ച് മധുരിമ ഷൂട്ടിംഗിനായി എത്തുകയായിരുന്നു. എന്നാൽ, ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരുവിധ പതർച്ചയും മധുരിമയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു മൈ ഡിയർ മുത്തച്ചനിൽ അഭിനയിച്ചത്. അതിൽ നാല് കുട്ടികളിൽ ഏറ്റവും മുതിർന്ന കോളേജിൽ പഠിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഏതായാലും മലയാള സിനിമയിലും മധുരിമ ഉടൻ സജീവമാകുമെന്നാണ് പ്രതീക്ഷ.