പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ അവസാന ഷെഡ്യൂൾ ഡിസംബർ 20ന് ആരംഭിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. വമ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഒരു കിടിലൻ ക്ലൈമാക്സാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ക്ലൈമാക്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ.
“ക്ലൈമാക്സ് രംഗത്തിനായി ഞങ്ങൾ വിഷ്വൽ എഫക്ട്സ് ഉപയോഗിക്കുന്നുണ്ട്. അത് തീർച്ചയായും ഒരു ദൃശ്യവിസ്മയമായിരിക്കും. പ്രേക്ഷകർ അത്ഭുതപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ച് ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ കണ്ട്.” ഉദയ്കൃഷ്ണ പറഞ്ഞു. അടുത്ത വര്ഷം വിഷു റിലീസായി മധുരരാജ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.