മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും അങ്കിളിലെ കെ കെ എന്ന കഥാപാത്രം എന്ന് സംവിധായകൻ പറയുന്നു .സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടോപ്പമുള്ള ഒരു യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക
വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം .കെ കെ യുടെ വഴിവിട്ട ജീവിതം അറിയാവുന്ന സുഹൃത്തായ വിജയൻ എന്ന കഥാപാത്രമായി എത്തുന്നത് ജോയ് മാത്യുവാണു.
ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൽ കേരളത്തിന് വെളിയിൽ പഠിക്കുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ആകസ്മിക സന്ദര്ഭങ്ങളുണ്ട് .ഒരു കഠാര കൈയ്യിലുള്ളതുകൊണ്ടു മാത്രം ഒരു പെൺകുട്ടിയും സുരക്ഷയ്തയാവണമെന്നില്ല .പ്രത്യേകിച്ചും പരിചയമില്ലാത്ത നാട്, വഴികൾ ,മനുഷ്യർ ,ഇതിനൊക്കെപ്പുറമെ ശരിയായ ക്യാരക്ടർ എന്താണെന്നറിയാത്ത അച്ഛന്റെ സുഹൃത്ത് കൂടി കൂട്ടിനുള്ളപ്പോൾ . മലയാളി അണുകുടുംബത്തിന്റെ സ്വകാര്യതകൾ അന്യം നിന്നുപോയ മലയാള സിനിമയിൽ കുടുംബ പാശ്ചാത്തലത്തിൽ വേരുറപ്പിച്ചു നിർത്തിയ ഈ സിനിമ കേരളം ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച വാതിലാണെന്നും ,തനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ രചന നടത്താറുള്ളതെന്നും
സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന അങ്കിളിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു പറഞ്ഞു .
ഷട്ടർ സിനിമയിലെ ഇനിയെന്ത് സംഭവിക്കും എന്നുള്ള ഉൽകണ്ഠയിൽ ഊന്നിത്തന്നെയാണ് ജോയ് മാത്യു അങ്കിളിന്റെ തിരക്കഥയും രചിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു .
മമ്മുട്ടിയെയും ജോയ് മാത്യുവിനേയും കൂടാതെ കാർത്തിക മുരളീധരൻ ,മുത്തുമണി ,കൈലേഷ് ,കെ.പി.എ .സി ലളിത ,സുരേഷ് കൃഷ്ണ ,മേഘനാദൻ , മണി (ഫോട്ടോഗ്രാഫർ ഫെയിം )ബാലൻ പാറക്കൽ ,ബാബു അന്നൂർ.ഗണപതി , നിഷ ,ഹനീഫ് കലാഭവൻ ,രാജശേഖരൻ ,മൂന്നാർ രമേശ് .ഷിജു ,സെയ്ത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു .