മാമാങ്കം എന്ന ചിത്രത്തിന് വേണ്ടിയുള്ള ശാരീരിക തയ്യാറെടുപ്പുകൾക്ക് തന്നെ ഒരുക്കിയ ജിം ട്രയിനറായ ജോണ്സണ് എപിക്ക് യമഹയുടെ ആര് 15 ഉണ്ണിമുകുന്ദൻ സമ്മാനമായി നൽകി. താരം തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ബൈക്ക് നിങ്ങൾക്ക് ഇഷ്ടമായി എന്ന് മനസ്സിലായി എന്നും എന്നാൽ മാമാങ്കത്തിനായി തന്നെ ഒരുക്കി എടുക്കാൻ ട്രെയിനർ ചിലവഴിച്ച സമയവും ഊർജ്ജവും ഓർത്താൽ ഈ സമ്മാനം ഒന്നും അല്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
സ്വന്തം അനുജനെ പോലെയാണ് തന്നെ പരിശീലിപ്പിച്ചത് എന്ന് പറയുന്നതിനോടൊപ്പം ഓണാശംസകളും ഉണ്ണിമുകുന്ദൻ നേരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ജോൺസനും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റുകൾ ഇട്ടിട്ടുണ്ട്. മാമാങ്കം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉണ്ണി മുകുന്ദന്റെ ശാരീരിക ഒരുക്കങ്ങൾ നേരത്തെ ശ്രദ്ധനേടിയിരുന്നു. മേപ്പടിയാന്, ചോക്ലേറ്റ് റീലോഡഡ് എന്നീ സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.