മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവ നടനാണ് ഉണ്ണി മുകുന്ദൻ. താരം ഇനി ബ്രൂസിലി ആയി എത്തുകയാണ്. ഉണ്ണിമുകുന്ദന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഒരു കയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. മാസ് ലുക്കിലാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. 25 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മികച്ച ഒരു ആക്ഷൻ ത്രില്ലർ ആക്കി മാറ്റുവാൻ ആണ് അണിയറപ്രവർത്തകരുടെ ആഗ്രഹം.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഉണ്ണിമുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മല്ലു സിംഗ്. അതിനുശേഷം വൈശാഖുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയിൽ ഗംഭീര മേക്കോവറിൽ ആയിരിക്കും ഉണ്ണിമുകുന്ദൻ എത്തുക. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ ചിത്രം യുവാക്കൾക്കും കുടുംബത്തിനും ഒരുമിച്ച് തിയേറ്ററിൽ ആഘോഷിക്കാൻ പറ്റുന്ന ഒന്നായിരിക്കും എന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്