ഒരു സിനിമാ പപാരമ്പര്യവുമില്ലാത്ത നടനാണ് ഉണ്ണീ മുകുന്ദന്. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം നേടാന്‍ ഉണ്ണി മുകുന്ദന് എന്ന നടനു സാധിച്ചിട്ടുണ്ട്. സിനിഎന്ന മോഹം തലയ്ക്കു പിടിച്ച ഉണ്ണി പഠനവും ജോലിയും ഉപേക്ഷിച്ചായിരുന്നു കൊച്ചിയിലെത്തിയത്.
എത്ര ശ്രമിച്ചിട്ടും ഒരിടത്തുമെത്താതിരുന്ന ആ സമയങ്ങളില്‍ കൂട്ടുകാരുടെ കരുണയിലാണ് ജീവിച്ചു പോന്നതെന്നും പലപ്പോഴും താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഉണ്ണി ഒരു ചാനല്‍ ഷോയില്‍. ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് കണ്ണീരോടെയാണ് ഉണ്ണി പറയുന്നത്.
ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ എറണാകുളത്തേക്ക് താമസം മാറ്റിയ സമയമായിരുന്നു.
എന്റെ അടുത്ത സുഹൃത്തിന്റെ കൂടെ എറണാകുളത്ത് ഒരു ഫ്ലാറ്റിലാണ് താമസം. മൂന്ന് ബാച്ചിലേഴ്സിന്റെ കൂടെ. അതിലൊരാള്‍ക്ക് ബാംഗ്ലൂരില്‍ സെറ്റിലാകണം, മറ്റേയാള്‍ക്ക് സിനിമ, വേറൊരാള്‍ക്ക് കല്ല്യാണം പിന്നൊരാള്ക്ക് മുടി കൊഴിച്ചിലായിരുന്നു പ്രശ്നം.
ഇതില്‍ എനിക്ക് മാത്രം പണിയൊന്നും ഉണ്ടായിരുന്നില്ല. സിനിമ എന്ന് പറഞ്ഞു നടക്കുന്നത് കാരണം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
എന്റെ പഠിത്തം മാറ്റി വച്ചതും ജോലി വേണ്ടെന്നു വച്ചതുമെല്ലാം അമ്മയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണ്. ഈ കരിയര്‍ എങ്ങനെ നമുന്നോട്ട് കൊണ്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു ഉണ്ണി പറയുന്നു.