ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കര കോളേജിൽ എത്തിയ ഉണ്ണി മുകുന്ദനും മേപ്പടിയാൻ ടീം അംഗങ്ങൾക്കും വൻ വരവേൽപ് ആണ് ലഭിച്ചത്. ആ സന്തോഷം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തു. ”എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. #ശ്രീശങ്കര കോളേജ്, കാലടി. നിങ്ങൾ എല്ലാവരും സിനിമ കാണുന്നതിനും അതിന്റെ അഭിപ്രായം അറിയിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങൾ നൽകിയ റോസാപ്പൂക്കൾക്കും ചോക്കലേറ്റുകൾക്കും നന്ദി. നിങ്ങളുടെ സ്നേഹം മധുരമായി തോന്നുന്നു.’
നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണൻ എന്നൊരു സാധാരണക്കാരന്റെ ജീവിതം പറയുന്നതാണ്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാൽപ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നീൽ ഡിക്കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹൻ, പ്രൊഡക്ഷൻ മാനേജര്‍ വിപിൻ കുമാര്‍ എന്നിവരാണ്.