ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങളും ആരാധകരും ചിത്രത്തിന് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തി. അതേസമയം, മരക്കാർ റിലീസ് ആയി രാത്രിയിൽ തന്നെ കണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദൻ. ഇന്നലെ രാത്രി തന്നെ മരക്കാർ തിയറ്ററിൽ കണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
‘ഇന്നലെ രാത്രി മരക്കാർ തിയറ്ററിൽ കണ്ടു! ഇഷ്ടപ്പെട്ടു. ഒരു വിഷ്വൽ എക്സ്ട്രാവാഗൻസ ആയിരുന്നു അത്. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, സിനിമ വലിയ സ്ക്രീനുകളിൽ എത്തിച്ചതിന് നന്ദി, ഇത്രയും വലിയൊരു സിനിമ തിയറ്ററുകളിൽ ആസ്വദിക്കാൻ കഴിഞ്ഞു. ലാലേട്ടൻ ജ്വലിച്ചു, ഈ വിസ്മയകരമായ ചിത്രത്തിന് പ്രിയൻ സാറിനും ആന്റണി ചേട്ടനും നന്ദി!!’ – ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് മാത്രം 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും ഇന്ന് മരക്കാർ ആണ് റിലീസ് ചെയ്തത്. ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം, റിലീസിന് മുമ്പ് തന്നെ മരക്കാർ 100 കോടി ക്ലബിൽ ഇടം കണ്ടെത്തി. റിസർവേഷനിലൂടെ മാത്രമാണ് ഈ നേട്ടം. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.