ഫഹദ് ഫാസിൽ – ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ജോജി മികച്ച പ്രേക്ഷകപ്രശംസയാണ് നേടിയെടുത്തത്. ചിത്രത്തിൽ അഭിനയിച്ചവരും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിൻസി എന്ന കഥാപാത്രം. എന്നാൽ ആ കഥാപാത്രം അവതരിപ്പിക്കുവാൻ നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ.
ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.
ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു.ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങളെല്ലാവരും ശ്യാമിന് പ്രചോദനം പകര്‍ന്നു.
പതിനാലുദിവസംകൊണ്ടാണ് ജോജിയുടെ ആദ്യപകുതി പൂര്‍ത്തിയാകുന്നത്. ആ സമയത്തൊന്നും ബിന്‍സി ഞാനായിരുന്നില്ല. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍. ആദ്യപകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ പോത്തന് തീരുമാനിച്ചു ബിന്‍സി ഞാന്‍ ചെയ്താല്‍ മതിയെന്ന്. അപ്പോഴാണ് ബിന്‍സി ഞാനാണെന്ന് അറിയുന്നത്. തുടര്‍ന്നും ഞങ്ങള്‍ ജോജിയുടെ ജോലിയില്‍ മുഴുകി. എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി,’ ഉണ്ണിമായ പറയുന്നു.