ഗുണ്ടജയനെ എതിരേൽക്കാൻ കേരളത്തിലെ തിയറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഉപചാരപൂർവം ഗുണ്ടജയൻ’ ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥയും അരുണിന്റേത് തന്നെയാണ്. തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. ഗുണ്ടജയനെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാരണം കൊണ്ടു തന്നെ കേരളത്തിൽ ഉടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കുമെന്ന തീരുമാനത്തിലാണ്. അത് മാത്രമല്ല, കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്തുഗുണ്ടജയൻ ടീം. ചിത്രം പറയുന്നത് കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഗുണ്ടജയനെ കാണാൻ തിയറ്ററുകളിലേക്ക് അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.
ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ്. ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറസാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ടജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.