മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നിർമ്മിച്ച് ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടുകൊണ്ട് ചിത്രത്തിലേക്ക് സുരേഷ് ഗോപി കടന്നു വരുമ്പോൾ നായികയായി എത്തുന്നത് ശോഭന ആണ്. ചെറിയ ഒരിടവേളയ്ക്കുശേഷം നസ്രിയയും ഈ സിനിമയുടെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ വാർത്തയായിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും കൂടാതെ മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഉർവ്വശിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഇതോടൊപ്പം മറ്റു താരങ്ങൾ കൂടി ചേരുമ്പോൾ ഇതൊരു വമ്പൻ താരനിര അണിനിരക്കുന്ന വലിയ സിനിമയായി മാറും. പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിലാണ് ആരംഭിക്കുക. .മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്. ദുൽക്കർ ചിത്രത്തിൽ എത്തുന്നത് അതിഥി താരമായി ആയിരിക്കും. താരം നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.