പൊന്നിയിന്‍ സെല്‍വനെന്ന ചിത്രത്തിനായി തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. നാളുകള്‍ക്ക് ശേഷം മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഐശ്വര്യ റായ് എത്തിയപ്പോൾ കഥാപാത്രം ആവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വിക്രമും വ്യക്തമാക്കിയിരുന്നു.
തന്റെ മനസ്സിലെ സ്വപ്ന ചിത്രമായിട്ടാണ് മണിരത്നം ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ്, അമല പോള്‍, സത്യരാജ്, ജയം രവി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജയറാം പങ്കുവച്ച ഒരു പോസ്റ്റിലൂടെ അദ്ദേഹവും ഈ ചിത്രത്തിലൊരു ഭാഗമാകുന്നു എന്ന സൂചനയാണ് ലഭ്യമാകുന്നത്. തമിഴിൽ നിന്നും വലിയൊരു ചരിത്ര സിനിമയുടെ ഭാഗമാകുവാൻ ഉള്ള അവസരം തന്നെ തേടിയെത്തിയിട്ടുണ്ട് എന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും ആയിരുന്നു ജയറാമിന്റെ പോസ്റ്റ്. ജയറാമിനെ കൂടാതെ മോഹൻലാലും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ചിത്രത്തിലെ താര നിർണയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.