മിമിക്രി ലോകത്തെ സുൽത്താൻ നാദിർഷാ സംവിധായകനാകുന്നുവെന്ന് കേട്ടപ്പോൾ മുതൽ പ്രേക്ഷകർ ഏവരും കാത്തിരിക്കുന്ന ഒന്നാണ് നാദിർഷ – ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നിങ്ങനെ രണ്ടു ബ്ലോക്ക് ബസ്റ്ററുകൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന മലയാളചിത്രമായ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലൂടെ ആ കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാൻ ഇനിയും മാസങ്ങൾ ഏറെയുണ്ട്. പക്ഷേ ചിത്രം ഇപ്പോൾ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു പക്കാ കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ കേശു ഒരു ചെറുപ്പക്കാരനല്ല എന്നതാണ് വസ്തുത. ഏകദേശം ഷഷ്ഠിപൂർത്തിയൊക്കെ കഴിഞ്ഞ ഒരു വൃദ്ധനായിട്ടാണ് ദിലീപ് എത്തുന്നത്.
അതിലും രസകരമായ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു റിപ്പോർട്ട്. നാദിർഷ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് ഉർവ്വശിയെയാണ്. പല സിനിമകളിലും വൃദ്ധവേഷം കൈകാര്യം ചെയ്തിട്ടുള്ള ദിലീപ് ആദ്യമായിട്ടായിരിക്കും വൃദ്ധനായി ഒരു മുഴുനീള വേഷം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പായ ‘അജിത്ത് ഫ്രം അറപ്പുക്കോട്ടൈ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് നാദിർഷ ഇപ്പോൾ. ആ ചിത്രം പൂർത്തീകരിക്കുന്നതിനനുസരിച്ചായിരിക്കും കേശു ഈ വീടിന്റെ നാഥൻ ചിത്രീകരണം തുടങ്ങുക.