“ഏഴ് മണി കഴിയുമ്പോൾ പള്ളിയിലേക്ക് പോരേ.. ഒന്ന് കുമ്പസാരിക്കാം.” ഇത് കേട്ട് കൊമ്പനയച്ചന്റെ അടുത്ത് ‘കുമ്പസാരി’ക്കാൻ വന്നവരെല്ലാം തന്നെ മാനസാന്തരപ്പെട്ടെന്നത് ദൈവകൃപ. അച്ഛൻ ആണെങ്കിൽ ആ കുമ്പസാര രഹസ്യം പുറത്തൊട്ടും പറയുകയുമില്ല…! മലയാളസിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാഗതിയും അവതരണവും കൊണ്ട് പ്രേക്ഷകരുടെ മനം കവരുകയാണ് നവാഗതനായ റെജീഷ് മിഥില എന്ന സംവിധായകൻ അണിയിച്ചൊരുക്കിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം.
സാധാരണ ഒരു ഡാർക്ക് മൂഡിൽ പോകുന്ന ത്രില്ലറുകളിൽ നിന്നും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് ഇതിൽ നിറഞ്ഞിരിക്കുന്ന പൊട്ടിച്ചിരികൾ കൂടിയാണ്. എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ പ്രേക്ഷകനെ അനുവദിക്കുമ്പോഴും ത്രില്ലറിന്റെ ആ ഗൗരവഭാവം ഒരിക്കലും കൈമോശം വന്നിട്ടുമില്ല. വൈദികരെ നായകരാക്കി നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടെങ്കിൽ തന്നെയും വിൻസെന്റ് കൊമ്പനയച്ചനെ പോലൊരു വൈദികനും ഇതേ പോലൊരു ത്രില്ലറും മലയാളത്തിൽ ആദ്യമാണ്. ഒരു പക്ഷേ ഇന്ത്യയിലും…!
താരപ്പകിട്ടിന് ഏറെ മേലെയാണ് തിരക്കഥ എന്ന യാഥാർഥ്യം വീണ്ടും വിളിച്ചോതിയ ചിത്രം ഓരോരുത്തരുടെയും പ്രകടനം കൊണ്ടും ഏറെ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോൾ കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കൂടുതൽ പ്രേക്ഷകരിലേക്ക് വാരിക്കുഴിയിലെ കൊലപാതകം എത്തിച്ചേരുകയാണ്. അമിത് ചക്കാലക്കൽ എന്ന നടനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാലം കൂടിയാണ്. കായംകുളം കൊച്ചുണ്ണി, പ്രേതം 2 എന്നീ ചിത്രങ്ങളിലെ മികച്ച [പ്രകടനത്തിന് ശേഷം ഒരു കരിയർ ബെസ്റ്റ് പ്രകടനമാണ് വാരിക്കുഴിയിലെ കൊലപാതകത്തിൽ നടത്തിയിരിക്കുന്നത്.
ദിലീഷ് പോത്തൻ, നെടുമുടി വേണു, നന്ദു, ലാൽ, ഷമ്മി തിലകൻ, സുധി കോപ്പ, ലെന എന്നിങ്ങനെ നിരവധി മികച്ച പ്രകടനങ്ങൾ കാണുമ്പോഴെല്ലാം അതിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് നല്ലൊരു കൈയ്യടി കൊടുക്കുവാൻ തോന്നിപോകും. ആദ്യാവസാനം സസ്പെൻസ് നിലനിർത്തി തന്നെയാണ് ചിത്രം കുതിക്കുന്നത്. ആരായിരിക്കും? ആരായിരിക്കും? എന്നൊരു ചിന്ത പ്രേക്ഷകന്റെ മനസ്സിൽ ക്ളൈമാക്സ് വരെ നിലനിർത്തുന്നുണ്ട് ഈ ചിത്രം. അത് തിരക്കഥാകൃത്തിന്റെ വിജയം തന്നെയാണ്. കുറവുകളും പരിമിതികളും ഇല്ലായെന്ന് പറയുന്നില്ല. പക്ഷേ അവയെയെല്ലാം മറക്കുവാൻ ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന് സാധിക്കുമെന്നതാണ് സത്യം. ഒരു രണ്ടാം ഭാഗത്തിനുള്ളത് അവസാനം ചേർത്ത് വെച്ചിട്ടുമുണ്ട്..!