പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. രാമായണകഥ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. പ്രഭാസ് ശ്രീരാമനായി എത്തുമ്പോള്‍ രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ആദിപുരുഷിന്റെ ഫസ്റ്റ് ലുക്ക് കോപ്പിയടിച്ചതാണെന്നാണ് ആരോപണം.
ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ ‘വാനരസേന സ്റ്റുഡിയോസ്’ ആണ് രംഗത്തെത്തിയിരിക്കുന്നത്. ആദിപുരുഷ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്ററില്‍ തങ്ങളുടെ വര്‍ക്ക് കോപ്പിയടിച്ചെന്നാണ് ആരോപണം. തെളിവായി അവര്‍ ഡിസൈന്‍ ചെയ്ത മറ്റൊരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. ‘ലോര്‍ഡ് ശിവ’ എന്ന പേരിലുള്ള അവരുടെ ആനിമേറ്റഡ് സിനിമയുടെ പോസ്റ്റര്‍ ആദിപുരുഷ് ടീം കോപ്പിയടിച്ചതായാണ് ആരോപിക്കുന്നത്.
നിര്‍മാതാക്കളായ ടി സീരിസിനെ വാനരസേന സ്റ്റുഡിയോസ് വിമര്‍ശിച്ചു. ‘എന്തൊരു നാണക്കേട്, പോസ്റ്ററിന്റെ യഥാര്‍ത്ഥ സ്രഷ്ടാവിനെ ടി-സീരിസ് പരാമര്ശിക്കണമായിരുന്നു. ഞങ്ങളുടെ സൃഷ്ടികള്‍ ഇങ്ങനെ കോപ്പിയടിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്. വര്‍ഷങ്ങളായി ഇത് പലതവണ സംഭവിച്ചു, ഈ പോയിന്രിലെത്തി നില്ക്കുമ്പോള് ഇതൊരു വലിയ തമാശയാണ്’ അവര്‍ പറഞ്ഞു. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ആദിപുരുഷ് ഒരുങ്ങുന്നത്. പ്രഭാസിനും സെയ്ഫ് അലി ഖാനും പുറമേ കൃതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.