വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. താരം വീണ്ടും വിവാഹിതരായിരുന്നു. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോൾ ആണ് താരത്തിന്റെ കഴുത്തിൽ മൂന്നാമത് മിന്നുചാർത്തിയത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടൽ എടുത്തിരിക്കുകയാണ്.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരുന്നത്. താനുമായി വിവാഹമോചനം നേടാതെ ആണ് പീറ്റർ മറ്റൊരാളെ വിവാഹം ചെയ്തത് എന്നായിരുന്നു പരാതി. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് ലക്ഷ്മി രാമകൃഷ്ണന്, കസ്തൂരി, രവീന്ദര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ തമിഴ് സിനിമാ താരങ്ങള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ യുദ്ധത്തിന് വഴിയൊരുങ്ങുകയായിരുന്നു. വനിതയെ പിന്തുണയ്ക്കുന്നരും എതിര്‍ക്കുന്നവരുമായി വാക്വാദങ്ങള്‍ നടന്നു. വിവാദങ്ങളിലുടനീളം വനിത പീറ്ററിനെ പിന്തുണച്ചു.
ഇതിനുശേഷം വനിതയും പീറ്റർ പോളും വളരെ സന്തോഷമായ രീതിയിൽ ജീവിച്ചു പോരുകയായിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങളും ഭർത്താവിനെ പരിചരിക്കുന്ന ചിത്രങ്ങളുമെല്ലാം വനിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വനിതയും പീറ്റര്‍ പോളും വനിതയുടെ ആദ്യ വിവാഹ ബന്ധത്തിലുണ്ടായ മകള്‍ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ വന്നത്. വിവാദങ്ങളൊന്നും തന്നെയോ കുടുംബത്തെയോ ബാധിച്ചിട്ടില്ല എന്ന് ചിത്രങ്ങളിലൂടെ വനിത പറയാതെ പറഞ്ഞു. എന്നാൽ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഗോവയിൽ വച്ച് പീറ്റർ മദ്യപിച്ച് മോശമായി പെരുമാറിയെന്നും അതേ തുടർന്ന് വനിതാ പീറ്ററിന്റെ കരണത്തടിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു എന്നും ആണ് ഇപ്പോൾ പുറത്തുവരുന്നത്.