വിവാഹം വിവാദമാക്കിയ താരമാണ് വനിത വിജയകുമാര്‍. ഇപ്പോഴിതാ നടിയുടെ പുതിയ വിവാഹ ഫോട്ടോയാണ് വൈറല്‍. പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോയാണ് നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നല്കി. ഇതോടെ താരം വീണ്ടും വിവാഹിതയായെന്ന തരത്തില്‍ വാര്‍ത്ത പരന്നു. എന്നാല്‍ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ ചിത്രം താരം പങ്കുവച്ചതും.
And…❤️❤️❤️❤️ @powerstarhere pic.twitter.com/UXKaFiNJic
— Vanitha Vijaykumar (@vanithavijayku1) July 21, 2021
കുറച്ചുനാള്‍ മുമ്പാണ് നടി മൂന്നാമത് വിവാഹമോചനം നേടിയത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹം അഞ്ചു മാസം മാത്രമാണ് നീണ്ടു നിന്നത്. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്ത് വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്.
വേറൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമര്‍ശിച്ചിരുന്നു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു. ആദ്യ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികളാണുള്ളത്. 2000-ലാണ് നടന് ആകാശുമായുള്ള വനിതയുടെ വിവാഹം. 2007-ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ടു കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.