മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറിൽ വലിയൊരു ബ്രേക്ക് കിട്ടിയ താരമാണ് റോഷൻ ബഷീർ. ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന കൗമാരക്കാരനെ അവതരിപ്പിച്ച വരുൺ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രണ്ടാം ഭാഗത്തിൽ വരുൺ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷൻ ഉത്തരം തന്നിരുന്നു. ഇപ്പോഴിതാ ദൃശ്യം 2 കണ്ട അനുഭവം പങ്ക് വെച്ചിരിക്കുകയാണ് റോഷൻ.
കാത്തിരിപ്പിന് അങ്ങനെ വിരാമം. ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ കേട്ടപ്പോൾ മുതലേ പലരും ഞാൻ അതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ആദ്യഭാഗത്തിൽ കൊല്ലപ്പെട്ട വരുൺ പ്രഭാകർ എങ്ങനെ രണ്ടാം ഭാഗത്തിൽ വരുമെന്ന് ഞാൻ ആലോചിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അഭിനയിക്കുന്ന കാര്യം നിരാകരിച്ചിരുന്നു. ഇന്നലെ വരെ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും വേറെ ഏതെങ്കിലും കഥയായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
വളരെ ആകാംക്ഷയോടെയാണ് ഞാനും ദൃശ്യം 2 കണ്ടപ്പോഴാണ് സ്റ്റോറി മേക്കിങ്ങ് സ്കിൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ആരും സഞ്ചരിക്കാത്ത വഴിയാണ് സംവിധായകൻ തിരഞ്ഞെടുത്തത്. അവസാനം വരെ ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിലനിർത്തുവാൻ ചിത്രത്തിന് സാധിച്ചു. ഓരോ ഡയലോഗും ഓരോ ക്ലൂ ആകുമെന്നതിനാൽ കാതും കണ്ണും സ്ക്രീനിൽ തന്നെയായിരുന്നു. ഓരോ ആക്ഷനും എക്സ്പ്രെഷനും ഫ്രയിമുകളും എല്ലാം ഒരു വിവരണം തന്നെയായിരുന്നു. ആദ്യ ചിത്രത്തിന്റെ അതേ ഫീലോട് കൂടി രണ്ടാം ഭാഗം ഒരുക്കുക എന്ന് പറയുന്നതിന് ഒറ്റ വാക്കേ പറയുവാനുള്ളൂ.. ബ്രില്ലിയൻറ്.