രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണ്ടും ഒരു വനിതക്ക്. കഴിഞ്ഞ മന്ത്രിസഭയിൽ മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ കെ കെ ഷൈലജ ടീച്ചറിന്റെ പിൻഗാമിയായി വീണ ജോർജാണ് ഇത്തവണ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അർത്ഥവും മാനവും നൽകിയ നിയമസഭ സാമാജിക. സത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒന്നാം പിണറായി സർക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തിൽ ആറൻമുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുമായിട്ടാണ് വീണ ജോർജ് മന്ത്രിസഭയിലേക്ക് എത്തുന്നത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവേശം. കേരള സർവ്വകലാശാലയിൽ നിന്ന് റാങ്ക് തിളക്കത്തോടെ ബിരുദവും ബിഎഡും നേടി. കൈരളി ടിവി ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ വീണ ജോർജ് വിവിധ ചാനലുകളിലെ സേവനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ദ്യശ്യ മാധ്യമ രംഗത്ത് പ്രഥമ വനിതാ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു.
യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ ആറൻമുള പിടിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു വീണയ്ക്ക് ആദ്യം ടിക്കറ്റ് നൽകിയതെങ്കിൽ പ്രവർത്തന മികവ് അംഗീകരിച്ചാണ് രണ്ടാം തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പ് രംഗത്തിറക്കി നേട്ടം സ്വന്തമാക്കിയത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ.കുര്യാക്കോസ് , നഗര സഭ കൗൺസിലർ ആയിരുന്ന റോസമ്മ എന്നിവരാണ് മാതാപിതാക്കൾ. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോർജ് ജോസഫ് ആണ് ജീവിത പങ്കാളി. അന്ന, ജോസഫ് എന്നിവർ മക്കളാണ്.