സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഡിലീറ്റ് ചെയ്തതില്‍ വിശദീകരണവുമായി സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ വീണ നായര്‍ രംഗത്ത്.
”പോസ്റ്റിന് താഴെ തന്റെ വിവാഹ ചിത്രം കൊണ്ടുവന്ന് ചിലര്‍ കമന്റിട്ടു. അതൊക്കെ രസകരമായി കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ മകന് അമ്പാടിയെ പറ്റി കമന്റുകള്‍ വന്നു തുടങ്ങി. കുഞ്ഞിന്റെ കാര്യം ഇതില്‍ പരാമര്‍ശിച്ചതിനാലാണ് താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് വീണ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇതിലും വലിയ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ വന്നിട്ടും മുമ്പൊന്നും ഞാനിട്ട പോസ്റ്റുകള്‍ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ എന്റെ കുഞ്ഞിനെ പറഞ്ഞതിനാലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും അല്ലാതെ ട്രോളോ കമന്റോ പേടിച്ചിട്ടല്ല. എന്റെ കല്യാണത്തിന്റെ 44 ദിവസം മുമ്പേയാണ് അച്ഛന് അമ്മ മരിച്ചത്. 6 മാസം മുന്നേയാണ് അമ്മ മരിച്ചത്. ഞാന്‍ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ടുള്ള സ്വര്‍ണ്ണമാണ് ഇട്ടത്. സാധാരണഎല്ലാ അച്ഛനമ്മമാര്‍ക്കും തങ്ങളുടെ മകളെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് കാണാന്‍ ഏറെ താല്പര്യമുണ്ടായിരുന്നു. അതിനാല്‍ എന്റേയും വീട്ടുകാരുടേയും ആഗ്രഹമായിരുന്നു അത്.
ഏറെ ബുദ്ധിമുട്ടേറിയ സമയായിരുന്നു എനിക്ക് അത്. 7 വര്‍ഷം മുന്നത്തെ കാര്യമാണിത്. എന്റെ ഭര്‍ത്താവോ വീട്ടുകാരോ എന്നെ നിറയെ സ്വര്‍ണ്ണമിട്ട് കാണമെന്നോ സ്ത്രീധനം വേണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടേത് അറേഞ്ച്ഡ് ആണെങ്കില്‍ കൂടി ഞങ്ങള്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്.
7 വര്‍ഷം മുമ്പത്തെ ചിത്രമാണത്. വെറുതെ കല്യാണ ഫോട്ടോ കുത്തി പൊക്കി കമന്റിടേണ്ട. ആഗ്രഹമുള്ളവര്‍ ചെയ്തോളു. ഇപ്പോള്‍ ഞാന്‍ പറയുന്നത് ഇനി വരുന്ന തലമുറയോടാണ്. സ്വര്‍ണ്ണം ആവശ്യപ്പെട്ട് വരുന്നവരോട് കല്യാണം വേണ്ട എന്ന് തന്നെ പറയുക. സ്ത്രീയാണ് ധനം എന്ന് പറയുന്നതിനെ ഏറെ അനൂകലിക്കുന്നയാളാണ്. ഇനിയും ട്രോളുന്നവര്‍ക്ക് ട്രോളാം. ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ആളുകള്‍ അറിഞ്ഞോട്ടെ”, വീണ ലൈവില്‍ പറഞ്ഞു.
‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്ന് പറഞ്ഞു പഠിപ്പിക്കയല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണ്ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ കല്യാണത്തിന് സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ച് പറയൂ. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം’, എന്നായിരുന്നു വീണയുടെ പോസ്റ്റ്.