തിയറ്ററിൽ റിലീസ് ചെയ്ത് അഞ്ചു വർഷത്തിനു ശേഷം ഒരു ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ജയരാജ് സംവിധാനം ചെയ്ത ‘വീരം’ എന്ന സിനിമയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്നത്. ഏതായാലും അഞ്ച് വർഷത്തിനിപ്പുറം ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സമയത്ത് തിയറ്റർ സമരത്തെ തുടർന്ന് ഈ ചിത്രം അധികകാലം തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒടിടിയിലൂടെ ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ ‘വീരം’ എന്ന ചിത്രം ആസ്വദിക്കാൻ ഒരു സുവർണാവസരമാണ് ഒരുങ്ങുന്നത്.
തലമുറകളിൽ തലമുറകളിലേക്ക് വാമൊഴിയായി പാടിപ്പതിഞ്ഞ് പകർന്ന കൃതികളാണ് വടക്കൻ പാട്ടുകൾ. വടക്കൻ പാട്ടിലെ കഥാപാത്രങ്ങളെ തികച്ചും മറ്റൊരു തലത്തിൽ കാണുകയും ദൃശ്യഭാഷ നൽകുകയുമാണ് ഈ ചിത്രത്തിൽ. ഷേക്സ്പിയർ കഥാപാത്രമായ മാക്ബത്തിന്റെ ഭാവതലത്തിൽ നിന്ന് അവയ്ക്ക് പുതുഭാഷ്യം രചിക്കുകയാണ് ‘വീരം’ എന്ന ചിത്രത്തിലൂടെ ജയരാജ്.
ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്ര മോഹൻ, പ്രദീപ് രാജൻ എന്നിവർ ചേർന്നാണ് ‘വീരം’ നിർമ്മിച്ചത്. കുനാൽ കപൂർ, ശിവജിത്ത് പത്മനാഭൻ, അഹ്റൻ ചൗധരി, ദിവിന താക്കുർ, ഹിമർഷ വെങ്കട് സാമി, കേതകി നാരായൻ, ബിലാസ് നായർ, സതീഷ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് കുമാർ ആണ് ഛായാഗ്രഹണം.